Tuesday, December 22, 2009

പെരുവഴിയും പൊട്ടക്കിണറും

ആകാശം ചോരുമ്പം
കേറിക്കിടക്കുവാന്‍
ആലംബമായെന്തുണ്ട്‌
ഇടിവെട്ടില്‍ ഉള്ളു കിടുങ്ങുന്നുണ്ട്‌.

നാണക്കേടു തല താഴ്ത്തുന്നുണ്ട്‌
ഉത്ക്കണ്ഠ കണ്ഠത്തില്‍ കോറുന്നുണ്ട്‌
പരിഹാസ നോട്ടങ്ങള്‍ കൂറ്‍ക്കുന്നുണ്ട്‌
മുന്നിലോ വഴിയതു നീളുന്നുണ്ട്‌

എങ്ങോട്ടെന്നറിയാതെ,
എന്തിനെന്നറിയാതെ,
വ്യര്‍ഥ നടത്തം തുടരാനുണ്ട്‌
കാതങ്ങള്‍ ഏറെ നടക്കാനുണ്ട്‌
കാലങ്ങള്‍ ഏറെ കടക്കാനുണ്ട്‌

വേദനാമുള്ളു വിഴുങ്ങാനുണ്ട്‌
ഓര്‍മ്മ തന്‍ കയ്പു കുടിക്കാനുണ്ട്‌
കാഴ്ച്ചകള്‍ കണ്ണു പൊള്ളിക്കാനുണ്ട്‌
കര്‍മഫലം ചെയ്തൊടുക്കാനുണ്ട്‌

എന്തിനീ പാഴ്‌ വേല, എന്തിനീ പരിഹാസം,
എന്തിനീ ഭീതിയും വേദനയും?
ആശ്വാസം ചാരേ ചിരിക്കുന്നുണ്ട്‌
വാതുറക്കാതെ ചിരിക്കുന്നുണ്ട്‌

ചുണ്ടുകളില്ലാത്ത,
പല്ലൊക്കെ പൊട്ടിയ,
പൊന്തയടപ്പുള്ള
ഇരുളും തണുപ്പും പാമ്പിണ്റ്റെ പത്തിയും
ആഴങ്ങളും ചേര്‍ന്നു സാന്ത്വനമേകുന്ന
മരണക്കിണറൊന്നു ചാരത്തുണ്ട്‌
മരണത്തിന്‍ ശീതളഛായയുണ്ട്‌.

കാലുകളെന്നേ കൊതിച്ചതാണ്‌
തൊണ്ടയില്‍ ദാഹമായ്‌ വന്നതാണ്‌
പശിയേറെ കേണു പ്രാര്‍ഥിച്ചതാണ്‌
പാഷാണം വാങ്ങിച്ചു വെച്ചതാണ്‌

എന്നിട്ടുമെന്തേ മടിച്ചതന്ന്,
ബുള്‍ഡോസര്‍ മാടം പൊളിച്ചയന്ന്?
ജീവിത മിച്ചങ്ങള്‍ ഒക്കെയന്ന്
മാറാപ്പിലിട്ടു നടന്നയന്ന്!

പൊട്ടക്കിണറിനു മുന്നിലായി
ചെറ്റക്കുടിലതാ മുറ്റമായി
ഓരത്തെ പാതക്കു വീറ്‍ക്കുവാനായ്‌
നിയമം നക്കീ ചക്കാത്തിലായ്‌

പൊട്ടസ്ളേറ്റൊന്നുണ്ട്‌ കീറബാഗും
പൊട്ടബക്കറ്റും കുറ്റിച്ചൂലും
ഇട്ടെറിഞ്ഞോടിയ കഷ്ടകാലം
വ്യക്തമായ്‌ തന്നെയവിടെയുണ്ട്‌.

ഓര്‍മ്മകള്‍ പിന്നോട്ടു പോകയാണ്‌
നല്ലകാലത്തിന്‍ നാള്‍ വഴിയിലാണ്‌

ഒരു വഴിക്കന്നു ഞാന്‍,
മറുവഴിക്കന്നവള്‍,
ഒരുമിച്ചു പോകാന്‍ കൈ കോര്‍ത്തതാണ്‌
മധുരം നുണഞ്ഞു നടന്നതാണ്‌

വിത്തുണ്ട്‌ വിതയുണ്ട്‌ കൊയ്ത്തുമുണ്ട്‌
കയറു പിരിയുണ്ട്‌ കാശുമുണ്ട്‌
കാലത്തും വൈകീട്ടും കഞ്ഞിയുണ്ട്‌
ഉച്ചക്കു തിന്നുവാന്‍ കപ്പയുണ്ട്‌

കുഞ്ഞുങ്ങള്‍ക്കൊക്കെയുടുപ്പുമുണ്ട്‌
സ്കൂളിലേക്കെന്നും പോകുന്നുണ്ട്‌
വളയുണ്ട്‌ പൊട്ടുണ്ട്‌ ചാന്തുമുണ്ട്‌
പെണ്ണിണ്റ്റെ കണ്‍കളില്‍ സ്വപ്നമുണ്ട്‌

കുട്ടികള്‍ കോളേജില്‍ പോയീടണം
ഉയരങ്ങളില്‍ ചെന്നെത്തീടണം
വര്‍ണ്ണങ്ങളെങ്ങും നിറഞ്ഞീടണം
ജീവിത ഭാരം കുറഞ്ഞീടണം

സ്വപ്നം പോല്‍ തന്നെ പറന്നു പോയി
നല്ല കാലത്തിണ്റ്റെ നാള്‍വഴികള്‍
ജോലിയും കൂലിയും മെച്ചമായാല്‍
അച്ചനമ്മമാര്‍ക്കെന്തു കാര്യം?

വിത്തും പോയ്‌ വിതയും പോയ്‌ കമ്പനിയും
കഞ്ഞിയും കപ്പയും സ്വസ്ഥതയും
കാലം പോയ്‌ കോലം പോയ്‌ ആരോഗ്യവും
പെണ്ണും പോയ്‌ പന്നിപ്പനിയുമൊത്ത്‌

പാതകള്‍ വീര്‍ത്തു വരുകയാണ്‌
പാളങ്ങള്‍ നീണ്ടു വരുകയാണ്‌
വേഗങ്ങള്‍ വേഗം കുതിക്കയാണ്‌
പാവങ്ങള്‍ക്കെന്നും പിഴിച്ചിലാണ്‌

ആകാശം ചോരുമ്പം
കേറിക്കിടക്കുവാന്‍
ആലംബമായെന്തുണ്ട്‌
ഇടിവെട്ടില്‍ ഉള്ളു കിടുങ്ങുന്നുണ്ട്‌.

ശ്വാസം മുട്ടുണ്ട്‌ തണുപ്പുമുണ്ട്‌
പശിയുണ്ട്‌ ദാഹവും വേദനയും
മുള്‍മുനയെങ്ങുമേ കൂറ്‍ക്കുന്നുണ്ട്‌
എല്ലാമൊടുക്കാന്‍ കൊതിയുമുണ്ട്‌

ഭരണകൂടം വാതുറക്കുന്നുണ്ട്‌
പൊട്ടക്കിണറിണ്റ്റെ ആഴമുണ്ട്‌
വോട്ടിണ്റ്റെ പൊന്തയിളിക്കുന്നുണ്ട്‌
സാന്ത്വനമേകി വിളിക്കുന്നുണ്ട്‌

Saturday, November 28, 2009

അന്വേഷണം (കവിത)


ആദ്യമായാണു നാട്ടില്‍ അങ്ങിനെയൊരു സംഭവം.

കള്ളന്‍ കേറുന്നതും, കക്കുന്നതും,
ചിലപ്പോള്‍ കണ്ണടച്ചിരിക്കുന്ന
സംസ്ക്കാരത്തെ തന്നെ പൊക്കുന്നതുമൊക്കെ
പതിവാണെങ്കിലുമി'തങ്ങിനെയാണോ
സംസ്ക്കാരത്തിണ്റ്റെ വീടടിച്ചു പൊളിച്ചു
വോട്ടു കെട്ടുകള്‍ കട്ടോണ്ടു പോകുന്നത്‌?

ചെയ്യാനൊത്തിരിയുണ്ടു കാര്യങ്ങള്‍,
കള്ളണ്റ്റെ സഞ്ചീലൊരു തുളയുണ്ടാക്കണം
വഴിയില്‍ ചോരുന്നതൊക്കെ പെറുക്കി
പിന്നാലെ നടക്കണം, കള്ളനോട്‌ ഇരക്കണം,
വല്ലതും ബാക്കി കിടക്കുന്നതൊക്കെ
അടിച്ചു കൂട്ടിയെടുക്കാനും
കുറ്റം ഏതെങ്കിലും തലയില്‍ ചാര്‍ത്താനും
അന്വേഷണത്തിനു കമ്മീഷന്‍ കൊടുക്കണം.

പത്തു പതിനെട്ടു വര്‍ഷം
'ലിബ്രല്‍" ആയി അന്വേഷിച്ച്‌
ആ മഹാ സത്യം കണ്ടെത്തി,
കള്ളന്‍ വിചാരിച്ചിരുന്നെങ്കില്‍
ആ കളവൊഴിവാക്കാമായിരുന്നു!

പുഴയിലെ കവിത "പനി" വായിക്കാന്‍ ഇവിടെ ഞെക്കുക.

Wednesday, November 11, 2009

ഇരുള്‍പ്രഭ (കവിത)

ഒരു നെന്‍മണിയില്‍ കണ്ണെത്താ വയലുകളും
ഒരു മൌനമേഘത്തില്‍ തോരാക്കണ്ണീറ്‍മഴയും
ഒരു ചിരാതിന്‍ പുഞ്ചിരിയില്‍
ഒരു കോടി നക്ഷത്രപ്രഭയും
കാണുന്നൊരു കണ്ണിനു
കാണാമൊരു സുന്ദരിയെ
കരിമ്പാറച്ചീളിലു'മെങ്കിലും
കാണിക്കരുതവളെ
മറനീക്കി തിരയുന്നോറ്‍ക്ക്‌
അറിയാ'തതെങ്ങാനുമെടുത്തെറിഞ്ഞാല്‍
ഉടയുമാ കണ്ണുകളില്‍ ഒളിക്കും
ഇരുളിന്നാഴക്കടലുകളെന്നേക്കുമായ്‌.

Monday, November 2, 2009

ഭാഷയിലല്ലാ പ്രശ്നമെന്നു മാത്രം പറയരുത്‌ (കവിത ?)

കനക ചിലങ്ക കിലുക്കിയും
തങ്കത്തരിവളയിളക്കിയും
വരമന്ദഹാസം പൊഴിച്ചും
അഞ്ചിക്കുഴഞ്ഞഴിഞ്ഞാടുമ്പോഴാണു
ബെല്ലടിച്ചതും കവിത ടീച്ചര്
‍ഇറങ്ങിപ്പോയതും.

സന്തോഷം തിങ്ങി നിറഞ്ഞ
നെഞ്ചിലേക്കൊരു വിങ്ങലായി
കണക്കു മാഷു കേറി വന്നു.
കറുത്ത ബോര്‍ഡില്‍ അക്കങ്ങളും
ചിഹ്നങ്ങളും തുള്ളിക്കളിച്ചു.
എത്ര ശ്രമിച്ചിട്ടും ജ്യാമിതിയും
ത്രികോണമിതിയും കാല്‍ക്കുലസുമൊന്നും
ബോര്‍ഡില്‍ നിന്നു തലയിലേക്കു കേറുന്നില്ല.
ബോര്‍ഡോ, കണക്കോ, അതോമാഷോ പ്രശ്നം?

കവിത ടീച്ചറോട്‌ ഒന്നുംചോദിക്കേണ്ടി വന്നില്ല.
തെളിഞ്ഞ വെള്ളത്തില്‍ നീന്തുന്ന
അരയന്നങ്ങള്‍ പോലെ വാക്കുകള്‍.
അതെ, കണക്കു സാറിന്‍റെ ഭാഷ തന്നെ പ്രശ്നം?

"അപ്പോള്‍ നിന്‍റെ കൂട്ടുകാര്‍ക്കു മനസിലാകുന്നതോ?"

ഓ, അതു വെറുതെ കീച്ചുന്നതാവും
മേല്‍ക്കൂരക്കടിയിലെ പല്ലിയെപ്പോലെ
മനുഷ്യന്‍ ഉരുണ്ട ഭൂമീടെ
കീഴ്‌ ഭാഗത്തു കിടക്കും നടക്കുമെന്നൊക്കെ
സയന്‍സ്‌ ടീച്ചര്‍ പറഞ്ഞതു പോലും
മനസിലായെന്നു പറഞ്ഞോരല്ലേ ഇവര്‍!
ഇതും ഇതിലപ്പുറവുമറിയാമെന്നു
മേനി കാട്ടുന്ന വങ്കന്‍മാര്‍.

അപ്പോള്‍ ഭാഷയിലല്ലാ പ്രശ്നമെന്നു മാത്രം പറയരുത്‌.

Monday, September 7, 2009

കോടതി വിധി


ഇന്നു കോടതി വിധിയാണ്‌,
നാടിനെ നടുക്കിയ
കൊലപാതകകേസിന്‍റെ വിധി.

പതിനായിരം പേജുള്ള കുറ്റപത്രം,
നൂറ്റിപ്പതിനാറു സാക്ഷികള്‍,
പതിറ്റാണ്ടു നീണ്ട വിചാരണ,
ഒടുക്കം ഇതാ കോടതി
ശിക്ഷകള്‍ വിധിച്ചു തുടങ്ങി.

ഇരുപതു മുതല്‍ അമ്പതു വരെയുള്ള
പ്രതികളെ വെറുതെ വിട്ടു,
തെളിവില്ലാത്തതിനാല്‍.
പത്തൊന്‍പതാം പ്രതിയേയും വിട്ടു,
വെളിവില്ലാഞ്ഞതിനാല്‍.

പത്തു തൊട്ട്‌ പതിനെട്ടു വരെയുള്ള
പ്രതികള്‍ക്കു ദീറ്‍ഘ കാല തടവും പിഴയും,
തെളിവു നശിപ്പിച്ചതിനു,
അതിനു കൂട്ടു നിന്നതിനു.

പ്രതിയെ കുറ്റസ്ഥലത്തെത്തിച്ച
കാര്‍ ഡ്രൈവര്‍ക്കും,
അവനു പ്രഭാത ഭക്ഷണം കൊടുത്ത
തട്ടു കടക്കാരനും
കഠിനതടവ്‌.
കാറുടമക്കു പിഴ.

ഹൈവേ നിറ്‍മ്മിച്ചു
മുഖ്യ പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ച
കോണ്‍ട്രാക്ക്ടറ്‍ക്കു
രണ്ടു കൊല്ലം കഠിന തടവും
രണ്ടേകാല്‍ രൂപ പിഴയും.

കൊലക്കത്തിയുടെ പിടി
ഇളകിയതായി കണ്ടതിനാലും,
കൊന്നതാണോ സ്വയം കുത്തി ചത്തതാണോ
എന്നു കൃത്യമായി തെളിയിക്കാന്‍
കഴിയാഞ്ഞതിനാലും,
സംശയത്തിന്‍റെ ആനുകൂല്യം നല്‍കി
ഒന്നാം പ്രതിയെ വെറുതെ വിടാന്‍
ഇടയാക്കിയതിനു
അന്വേഷണ ഉദ്യോഗസ്ഥനെ

കോടതി ശകാരിക്കുകയും ചെയ്തു.

Thursday, April 23, 2009

പൂവീട്‌

`ചെറുതെങ്കിലും ബലവത്തായ ഒരു വീട്‌'
ആ സ്വപ്നം ഇതാ സ്വപ്നമല്ലാതായി
മുന്നില്‍ നില്‍ക്കുന്നു.

അവന്‍ അവളോടൊപ്പം പാര്‍പ്പു തുടങ്ങി,
അവര്‍ക്കു വേണ്ടി അവരാല്‍ കെട്ടപ്പെട്ട
അവരുടെ ആ വീട്ടില്‍.

അര്‍ദ്ധ നഗ്നമായ വീട്ടില്‍
പൂറ്‍ണ്ണ നഗ്നരായി അവര്‍!
ചെങ്കല്ലുകള്‍ മോണ കാട്ടി
ചിരിക്കാതിരിക്കുന്നതെങ്ങിനെ?

നാണിച്ചു കൊണ്ടവനവളോടു പറഞ്ഞു-
"ഈ കല്ലുകളൊക്കെ പൂക്കളായിരുന്നെങ്കില്‍... "
ആഗ്രഹങ്ങള്‍ പൂവണിയുന്ന
കാലമായിരുന്നല്ലോ അത്‌.
ഉടന്‍ ആ കല്ലുകളൊക്കെ പൂക്കളായി.
അവര്‍ ഒരു പൂക്കുമ്പാരത്തിനടിയിലായി.
അവരുടെ തലയിലുമുണ്ടായിരുന്നു ഒരുപാടു പൂക്കള്‍,
മേല്‍ക്കൂര മുത്തമിട്ടതിന്‍റെ ചോരപ്പൂക്കള്‍.

മറ്റൊരു കവിത ഇവിടെ വായിക്കുക.

Wednesday, February 25, 2009

മാമ്പഴക്കൊതി !

തോട്ടുകണ്ടം താണ്ടിയ
ചളിയില്‍ പുതഞ്ഞ കാലുകള്‍
പൊളിഞ്ഞ വേലീലൂടനന്തന്‍റെ പറമ്പില്‍
കീശയിലെ കല്ലൂകള്‍
മിസ്സൈലുകളായി മുഴയന്‍ മാവിലേക്ക്‌

ചുണവീണു പൊള്ളിയതറിയാതെ
ചുണ്ടുകള്‍ നുണയുന്ന തേന്‍ ക്കഴമ്പ്‌
കൈത്തണ്ടയിലൂടൊലിച്ച തുള്ളി പോലും
നക്കിയ നാവിന്‍റെ കൊതി
മാധുര്യത്തിലാറാടുന്ന രസം!

കോട്ടപള്ളി സ്ക്കൂളിലെ
മണിയടി ശബ്ദം കാതില്‍
തങ്കമണി ടീച്ചറുടെ
മയിലാഞ്ചിക്കമ്പ്‌ മനസില്‍
അണ്ടിക്കു ക്ഷണത്തില്‍ വളര്‍ന്ന
സ്വര്‍ണ്ണത്താടിയിലൊരു കടി
അവസാനമായിട്ടൊരു നക്ക്‌
മനസില്ലാമനസ്സാലെ ഒരേറ്‌
കുപ്പായത്തില്‍ കുഞ്ഞി കൈകള്‍തുടച്ചോണ്ടൊരോട്ടം.

വഴിക്കണക്കിന്‍റെ ആഴങ്ങളില്‍ മുങ്ങാതെ,
കൈവെള്ളയിലെ മയിലാഞ്ചിപ്പാടില്‍ നീറ്റാതെ,
എറിഞ്ഞു കളഞ്ഞ അണ്ടിക്കു
പിറകേ പായുന്ന മാനസം.

പല്ലുകള്‍ക്കിടയിലെ നാരിളക്കാന്‍
ഇന്നും നാവിന്‍റെ വൃഥാശ്രമം:
അതിനുമൊരു രസം!!

Sunday, February 22, 2009

ഇഷ്ടം മോഹം (കവിത)

ഇഷ്ടങ്ങളെ
ഇഷ്ടപ്പെടാന്‍ പോലു-
മിഷ്ടമില്ലെന്നാലുമുണ്ടൊരിഷ്ടം
ഇഷ്ടങ്ങളില്ലാത്ത
ശിഷ്ടകാലത്തേയും തെല്ലു-
മിഷ്ടമില്ലാതേറെ
കഷ്ടമായ്‌ തന്നങ്ങു
നഷ്ടമാക്കീടാനുള്ളൊരിഷ്ടം.

മോഹങ്ങളെ
മോഹിക്കുവാന്‍ പോലും
മോഹമില്ലെന്നാലുമുണ്ടുമോഹം
മോഹങ്ങളൊന്നുമില്ലെന്നവ്യാ-
മോഹത്തെയും തരി
സ്നേഹമില്ലാതെ
ദഹിപ്പിക്കുവാനുള്ളെന്‍റെ മോഹം.

Friday, January 16, 2009

വെട്ടേറ്റ നിലവിളി (കവിത)

നിലവിളികളില്‍ തിളയ്ക്കുന്ന വടിവാളുകള്‍
കണ്ടുന്‍മാദം പൂണ്ടിളകുന്ന കൊടികള്‍
പിന്നില്‍ നിരക്കുന്ന ചൂണ്ടു വിരലുകള്‍
പൊട്ടാനൂഴം കാത്തു മറുബോംബുകള്‍

കുഞ്ഞുറക്കങ്ങളിലേക്കു ചൂഴും വിശപ്പും
കാത്തിരിപ്പിന്‍ കണ്‍മഷിയിലുറക്കവും
വൃദ്ധനെഞ്ചില്‍ കൊടികുത്തിയ ചുമയും

എല്ലാം കാണുന്നുണ്ടു തുറിച്ച കണ്ണുകള്‍,
വെട്ടേറ്റ നിലവിളി താഴെയിട്ട ഐസുകുട്ടയില്‍
ഇടതും വലതും ചരിഞ്ഞു വിറങ്ങലിച്ചങ്ങിനെ.

Saturday, January 10, 2009

ബലൂണ്‍

മുന്നില്‍ എത്തേണ്ടിടം മാത്രം.
കുതിപ്പില്‍ നിന്നും കുതിക്കുന്ന
കാറിണ്റ്റെ വേഗത്തെ
ഭയന്നുമാറുന്നപുകമഞ്ഞുമിരുട്ടും.

തെല്ലകലെ ആകാശത്ത്‌
താഴെക്കോടുന്ന പച്ചയക്കങ്ങള്‍
കടന്നുപോകണം ആ സിഗ്നല്‍ പോസ്റ്റിനെ
ടൈമറില്‍ 'പൂജ്യ'നായ മഞ്ഞതെളിയും മുമ്പ്‌.

ഇല്ല, മഞ്ഞയല്ല,
ചുവപ്പും ചാടിവീണിരിക്കുന്നു
ഇനി കിതപ്പാറ്റാം,
ഒന്നരനിമിഷം

നിയോണ്‍ വിളക്കിനു താഴെ ചില കുട്ടികള്‍,
നൂലിട്ട ബലൂണുകളില്‍ പുമ്പാറ്റകളും കോമാളികളുമായി
ആഘോഷിക്കാന്‍ ക്രിസ്തുമസും പുതുവര്‍ഷവും
അല്ലാത്തതുകൊണ്ടൂഹിക്കാം,
ഇതിലാരുടേയോ ജന്‍മദിനമാണെന്ന്‌

ഇവരിലൂടെയെത്താം
കാതങ്ങളകലെ കൈവിട്ട
പൂത്തുമ്പികളിലും ബലൂണുകളിലും,
ചുവന്ന അക്കങ്ങള്‍
പച്ചക്കു വഴിമാറും വരെ.

കുഞ്ഞു കുസൃതിയൊന്നോടിയെത്തി,
കൈ നിറയെ ബലൂണുകളുമായി,
ഇവനോട്‌ ചോദിക്കാം വിശേഷമെന്തെന്ന്‌.

താഴുന്ന ചില്ലിലൂടെ തണുത്തു വിറച്ചെത്തി
വിശപ്പിണ്റ്റെ കുഞ്ഞു ശബ്ദം
"സാബ്‌ ഒന്നിനഞ്ചുരൂപാ മാത്രം,
വീട്ടില്‍ കാത്തിരിക്കുന്ന കുഞ്ഞിനിഷ്ടമാവും
കളിക്കാനായ്‌ കൊണ്ടുചെന്നാല്‍. "

Sunday, January 4, 2009

പുത്തന്‍ പരിചയങ്ങള്‍ (കവിത)

ഓടുന്ന കാലുകളെ
ഒന്നു നില്‍ക്കാമോ?
എന്നെയൊന്ന്‌ പരിചയപ്പെടുത്താനാണ്‌,
സകുടുംബം വിശദമായി.

മുറ്റമടിക്കുന്ന ചൂലിനൊപ്പം പടിയിറങ്ങി,
സന്ധ്യാദീപവുമൊത്ത്‌
തുളുമ്പുന്ന തൂക്കുപാത്രവുമായെത്തുന്ന
സാന്ത്വനത്തിന്‍റെ അമ്മ.

ചളിയുടെ,
നെല്ലിന്‍റെ,
കള്ളിന്‍റെ മണമുള്ള കാറ്റായി
പാതിയഴിഞ്ഞ മുണ്ടുമായി,
പാതിരായ്ക്ക്‌ വേച്ചുവേച്ചെത്തുന്ന
വിയര്‍പ്പിന്‍റെ അച്ഛന്‍.

ചിന്തകളില്‍ നിന്ന്‌
ചിന്തകളിലേക്ക്‌ തീ കൊളുത്തി,
ലോകത്തെ വിഴുങ്ങിയ പുകയകറ്റാന്‍,
പന്തം കൊളുത്തിയെത്തുന്ന
ശകാരത്തിന്‍റെ ചേട്ടന്‍.

ആഹാരത്തെ
അടുക്കളയില്‍ നിന്നും രക്ഷിക്കാന്‍,
കുത്തഴിയാത്ത സാരി
കമ്പോളങ്ങളില്‍ വില്‍പ്പിക്കാന്‍,
തേഞ്ഞ റബ്ബര്‍ ചെരിപ്പിട്ട്‌ നടക്കുന്ന
വാചക കസര്‍ത്തിന്‍റെ ചേച്ചി.

ഏകാന്തതയുടെ നെടുങ്കന്‍
പകല്‍പ്പാളങ്ങളില്‍,
തിമിരം മെഴുകിയ ഇറയത്ത്‌
എന്‍ഡോസള്‍ഫാന്‍ കാറ്‍ന്നു
തിന്ന സ്വപ്നങ്ങളോടൊത്ത്‌
കൊത്തങ്കല്ലു കളിച്ച്‌
ഇഴജന്തുക്കളുടെ കൂടെ
അവരിലൊരാളായി ഞാനും.