ആകാശം ചോരുമ്പം
കേറിക്കിടക്കുവാന്‍
ആലംബമായെന്തുണ്ട്
ഇടിവെട്ടില്‍ ഉള്ളു കിടുങ്ങുന്നുണ്ട്.
നാണക്കേടു തല താഴ്ത്തുന്നുണ്ട്
ഉത്ക്കണ്ഠ കണ്ഠത്തില്‍ കോറുന്നുണ്ട്
പരിഹാസ നോട്ടങ്ങള്‍ കൂറ്‍ക്കുന്നുണ്ട്
മുന്നിലോ വഴിയതു നീളുന്നുണ്ട്
എങ്ങോട്ടെന്നറിയാതെ,
എന്തിനെന്നറിയാതെ,
വ്യര്‍ഥ നടത്തം തുടരാനുണ്ട്
കാതങ്ങള്‍ ഏറെ നടക്കാനുണ്ട്
കാലങ്ങള്‍ ഏറെ കടക്കാനുണ്ട്
വേദനാമുള്ളു വിഴുങ്ങാനുണ്ട്
ഓര്‍മ്മ തന്‍ കയ്പു കുടിക്കാനുണ്ട്
കാഴ്ച്ചകള്‍ കണ്ണു പൊള്ളിക്കാനുണ്ട്
കര്‍മഫലം ചെയ്തൊടുക്കാനുണ്ട്
എന്തിനീ പാഴ് വേല, എന്തിനീ പരിഹാസം,
എന്തിനീ ഭീതിയും വേദനയും?
ആശ്വാസം ചാരേ ചിരിക്കുന്നുണ്ട്
വാതുറക്കാതെ ചിരിക്കുന്നുണ്ട്
ചുണ്ടുകളില്ലാത്ത,
പല്ലൊക്കെ പൊട്ടിയ,
പൊന്തയടപ്പുള്ള
ഇരുളും തണുപ്പും പാമ്പിണ്റ്റെ പത്തിയും
ആഴങ്ങളും ചേര്‍ന്നു സാന്ത്വനമേകുന്ന
മരണക്കിണറൊന്നു ചാരത്തുണ്ട്
മരണത്തിന്‍ ശീതളഛായയുണ്ട്.
കാലുകളെന്നേ കൊതിച്ചതാണ്
തൊണ്ടയില്‍ ദാഹമായ് വന്നതാണ്
പശിയേറെ കേണു പ്രാര്‍ഥിച്ചതാണ്
പാഷാണം വാങ്ങിച്ചു വെച്ചതാണ്
എന്നിട്ടുമെന്തേ മടിച്ചതന്ന്,
ബുള്‍ഡോസര്‍ മാടം പൊളിച്ചയന്ന്?
ജീവിത മിച്ചങ്ങള്‍ ഒക്കെയന്ന്
മാറാപ്പിലിട്ടു നടന്നയന്ന്!
പൊട്ടക്കിണറിനു മുന്നിലായി
ചെറ്റക്കുടിലതാ മുറ്റമായി
ഓരത്തെ പാതക്കു വീറ്‍ക്കുവാനായ്
നിയമം നക്കീ ചക്കാത്തിലായ്
പൊട്ടസ്ളേറ്റൊന്നുണ്ട് കീറബാഗും
പൊട്ടബക്കറ്റും കുറ്റിച്ചൂലും
ഇട്ടെറിഞ്ഞോടിയ കഷ്ടകാലം
വ്യക്തമായ് തന്നെയവിടെയുണ്ട്.
ഓര്‍മ്മകള്‍ പിന്നോട്ടു പോകയാണ്
നല്ലകാലത്തിന്‍ നാള്‍ വഴിയിലാണ്
ഒരു വഴിക്കന്നു ഞാന്‍,
മറുവഴിക്കന്നവള്‍,
ഒരുമിച്ചു പോകാന്‍ കൈ കോര്‍ത്തതാണ്
മധുരം നുണഞ്ഞു നടന്നതാണ്
വിത്തുണ്ട് വിതയുണ്ട് കൊയ്ത്തുമുണ്ട്
കയറു പിരിയുണ്ട് കാശുമുണ്ട്
കാലത്തും വൈകീട്ടും കഞ്ഞിയുണ്ട്
ഉച്ചക്കു തിന്നുവാന്‍ കപ്പയുണ്ട്
കുഞ്ഞുങ്ങള്‍ക്കൊക്കെയുടുപ്പുമുണ്ട്
സ്കൂളിലേക്കെന്നും പോകുന്നുണ്ട്
വളയുണ്ട് പൊട്ടുണ്ട് ചാന്തുമുണ്ട്
പെണ്ണിണ്റ്റെ കണ്‍കളില്‍ സ്വപ്നമുണ്ട്
കുട്ടികള്‍ കോളേജില്‍ പോയീടണം
ഉയരങ്ങളില്‍ ചെന്നെത്തീടണം
വര്‍ണ്ണങ്ങളെങ്ങും നിറഞ്ഞീടണം
ജീവിത ഭാരം കുറഞ്ഞീടണം
സ്വപ്നം പോല്‍ തന്നെ പറന്നു പോയി
നല്ല കാലത്തിണ്റ്റെ നാള്‍വഴികള്‍
ജോലിയും കൂലിയും മെച്ചമായാല്‍
അച്ചനമ്മമാര്‍ക്കെന്തു കാര്യം?
വിത്തും പോയ് വിതയും പോയ് കമ്പനിയും
കഞ്ഞിയും കപ്പയും സ്വസ്ഥതയും
കാലം പോയ് കോലം പോയ് ആരോഗ്യവും
പെണ്ണും പോയ് പന്നിപ്പനിയുമൊത്ത്
പാതകള്‍ വീര്‍ത്തു വരുകയാണ്
പാളങ്ങള്‍ നീണ്ടു വരുകയാണ്
വേഗങ്ങള്‍ വേഗം കുതിക്കയാണ്
പാവങ്ങള്‍ക്കെന്നും പിഴിച്ചിലാണ്
ആകാശം ചോരുമ്പം
കേറിക്കിടക്കുവാന്‍
ആലംബമായെന്തുണ്ട്
ഇടിവെട്ടില്‍ ഉള്ളു കിടുങ്ങുന്നുണ്ട്.
ശ്വാസം മുട്ടുണ്ട് തണുപ്പുമുണ്ട്
പശിയുണ്ട് ദാഹവും വേദനയും
മുള്‍മുനയെങ്ങുമേ കൂറ്‍ക്കുന്നുണ്ട്
എല്ലാമൊടുക്കാന്‍ കൊതിയുമുണ്ട്
ഭരണകൂടം വാതുറക്കുന്നുണ്ട്
പൊട്ടക്കിണറിണ്റ്റെ ആഴമുണ്ട്
വോട്ടിണ്റ്റെ പൊന്തയിളിക്കുന്നുണ്ട്
സാന്ത്വനമേകി വിളിക്കുന്നുണ്ട്
8 comments:
"ആകാശം ചോരുമ്പം
കേറിക്കിടക്കുവാന്‍
ആലംബമായെന്തുണ്ട്
ഇടിവെട്ടില്‍ ഉള്ളു കിടുങ്ങുന്നുണ്ട്...."
തെരുവിലിങ്ങനെ അപ്രിയ സത്യങ്ങള് വിളഞ്ഞു പഴുത്തു നില്പുണ്ട്. പക്ഷെ വിളവെടുക്കാനാണ് ആരും തയ്യാറാവാത്തത്.
വോട്ടു തീനികള് പാത്രവും നീട്ടി വരുമ്പൊ
വിളമ്പികൊടുക്കരുത് അത്രേള്ളു....
ഇത്തവണ പുതിയ വഴിയിലാണല്ലോ...
നടത്തം തുടരട്ടെ.
"ഓര്‍മ്മകള്‍ പിന്നോട്ടു പോകയാണ്
നല്ലകാലത്തിന്‍ നാള്‍ വഴിയിലാണ്"
ഞാനും അതെ ഓര്‍മ്മകളിലൂടെ ഒരു യാത്രയിലാണ്.
നന്നായി, മാഷേ
ജാനകി,
സ്വാഗതം. വായക്കും അഭിപ്രായത്തിനും നന്ദി.
വിനോദ് തള്ളാശ്ശേരി:
പുതിയ വഴിക്കു നടക്കാന്‍ കഴിയില്ലെന്നും ആക്ഷേപമുണ്ട്, അറിയാലോ :) :)
[ഇന്നലത്തെ മാതൃഭൂമി പത്രത്തില്‍ `ദേശീയ പാത സ്വകാര്യ പാത ആക്കണോ' എന്നൊരു ലേഖനത്തില്‍ പുതിയ ഹൈവേ പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം കുടിയൊഴിപ്പിക്കാന്‍ പോകുന്നവരെക്കുറിച്ച് കണ്ടു. അപ്പോള്‍ ഒരു വൃദ്ധണ്റ്റെ(സങ്കല്‍പ്പത്തിലെ) കൂടെ കുറച്ചു നേരം നടന്നു. അത്ര മാത്രം. ]
ശ്രീ:
വളരെ നന്ദി.
“പൊട്ടസ്ളേറ്റൊന്നുണ്ട് കീറബാഗും
പൊട്ടബക്കറ്റും കുറ്റിച്ചൂലും
ഇട്ടെറിഞ്ഞോടിയ കഷ്ടകാലം
വ്യക്തമായ് തന്നെയവിടെയുണ്ട്.“
കൊള്ളാമെല്ലാ വരികളും നന്നായിട്ടുണ്ട്.
വായിച്ചുപോകാനേറെ രസവുമുണ്ട്
പഥികന്‍:
ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ സന്തോഷം.
നന്ദി.
നല്ലത്
Post a Comment