Sunday, August 31, 2008

മുട്ട വിരിയുന്നതെപ്പോള്‍? (കവിത)

മുട്ട വിരിയുന്നതെപ്പോള്‍?
മുട്ടത്തോടിലാ വര വീഴുമ്പോള്‍.. ?
തോടുടച്ചു രണ്ടുകണ്ണുകളാകാശം കാണുമ്പോള്‍... ?
അതോ, തുടുത്തൊരുമാംസകക്ഷണം
കുണൂങ്ങിയോടുമ്പോഴോ.. ?
അറിഞ്ഞുകൂടാ.

അതു കാണുന്നതെപ്പോള്‍?
മുട്ടത്തോടടിച്ചു പറത്തുന്ന
രശ്മികള്‍റെറ്റിനയിലെത്തുമ്പോഴോ.. ?
കണ്ണതിന്‍ ചിത്രമെടുത്ത്‌
തലച്ചോറിനുനല്‍കുമ്പോഴോ.. ?
അതോ ആ ചിത്രത്തെ ബുദ്ധി
തിരിച്ചറിയുമ്പോഴോ.. ?
അറിഞ്ഞുകൂടാ.

അറിയുന്നതെപ്പോള്‍?
അറിയുന്നെന്തോയെന്നറിയുമ്പോഴോ.. ?
അറിയുന്നതെന്തിനെയെന്നറിയുമ്പോഴോ.. ?
അറിയുന്നതിനെയെന്നറിയുമ്പോഴോ.. ?
അറിയുന്നതെന്തിനെന്നറിയുമ്പോഴോ.. ?
അറിവാ'താര്‍ക്കെങ്കിലുമുപകരിച്ചെന്നറിയുമ്പോഴോ.. ?
അറിഞ്ഞുകൂടാ.

ഒന്നറിയാം, എന്നുമവനവളിലേ-
ക്കൂളിയിട്ടിറങ്ങുന്നതവളെയറിയാന്‍,
അവള്‍ പടരുന്നതവനെയറിയാന്‍.
എന്നിട്ടവര്‍തമ്മിലറിയുമോ.. ?
തമ്മില്‍ സ്വയമറിയുമോ.. ?
അറിഞ്ഞുകൂടാ.

Tuesday, August 26, 2008

അത്തം പുലര്‍ന്നേ... ഓണം തളര്‍ന്നേ...

മുക്കുത്തിപ്പൂ ചിരിച്ചു
വയല്‍ വരമ്പില്‍, ചാരെ
വണ്ണാത്തി പുള്ളു ചിലച്ചു
കുളക്കരയില്‍.
വിളകൊയ്യും പാടത്ത്‌
കുഞ്ഞാറ്റക്കിളി പാടി
അത്തം പുലര്‍ന്നേ...
ഓണം വന്നേ...
അത്തം പുലര്‍ന്നേ...
ഓണം വന്നേ...

മുക്കുത്തിപ്പൂ ചിരിച്ചു
വയല്‍ വരമ്പില്‍, ചാരെ
വണ്ണാത്തി പുള്ളു
ചിലച്ചുകുളക്കരയില്‍

അത്തപൂക്കളമെങ്ങും
ചിരി വിടര്‍ത്തി
തുമ്പപ്പൂ ചോറുമായിട്ടിലയൊരുങ്ങി,
തേക്കിന്‍കാടു വഴിയേ പുലിയിറങ്ങി
ഓണപ്പൊട്ടനെങ്ങും മണികിലുക്കി
മാവേലിതമ്പ്രാനെ മനതാരില്‍
വരവേല്‍ക്കാന്‍കുമ്മാട്ടിതെയ്യങ്ങള്‍
ആഘോഷമായ്‌..

മുക്കുത്തിപ്പൂ ചിരിച്ചു
വയല്‍ വരമ്പില്‍, ചാരെ
വണ്ണാത്തി പുള്ളു ചിലച്ചു
കുളക്കരയില്‍

ഉത്രാട പോക്കുവെയില്‍
അഷ്ടമുടിയില്‍
ഓളത്തില്‍ ഞൊറിയിട്ട
കസവിളക്കി
ആനാരീം കാരിച്ചാലും
ചെറുതനയും വലിയദിവാന്‍ജീം
പുന്നമടക്കായലില്‍ മിന്നല്‍പ്പിണരായ്‌
തീരങ്ങളോ ആനന്ദത്തിന്‍അലകടലായ്‌..
തിത്തിത്തോം തെയ്തെയ്തോം
തിത്തിത്തോം തെയ്തെയ്തോം...

മുക്കുത്തിപ്പൂ ചിരിച്ചു
വയല്‍ വരമ്പില്‍, ചാരെ
വണ്ണാത്തി പുള്ളു ചിലച്ചു
കായല്‍ക്കരയില്‍

മുഞ്ഞതിന്ന പാടത്തിനരികിലായി
ജപ്തി നോട്ടീസ്‌ വിരിച്ചിട്ട്‌കോരനിരുന്നു.
കീറാത്ത നാക്കിലയില്‍
പഴകാത്ത ചോറും ചാറും പപ്പടവുമായി
ഊണുകൊഴുത്തു.

പിന്നെ, ചക്കരച്ചോറിന്‍റെ
പായസത്തില്‍കുപ്പീതുറന്നു പരാമറൊഴിച്ചു.
കണ്ണീരിനുപ്പോടെ,
നീറുന്ന വ്യഥയോടെ
അതുവിഴുങ്ങുമ്പോള്‍...

മുക്കുത്തിപ്പൂ കൊഴിഞ്ഞു
വയല്‍വരമ്പില്‍ മെല്ലെ
വണ്ണാത്തി പുള്ളൊളിച്ചു
പ്ളാച്ചിപ്പൊത്തില്‍
വിളയില്ലാപ്പാടത്ത്‌
കുഞ്ഞാറ്റക്കിളിതേങ്ങി
അത്തം കരിഞ്ഞേ...
ഓണം തളര്‍ന്നേ...
അത്തം കരിഞ്ഞേ...
ഓണം തളര്‍ന്നേ....

Friday, August 15, 2008

പുതിയ നിര്‍വ്വചനങ്ങള്‍!

ആവശ്യം
ആശതന്‍ പാലം കടന്നു
കടത്തിന്‍റെ നീണ്ട പാശം
കണ്ടന്തിച്ചു കണ്ണുതുറിച്ചതിന്‍റെ
തുമ്പിലെ കുരുക്കില്‍
കഴുത്തോടിഞ്ഞു തൂങ്ങി.

അറിവ്‌
വിമര്‍ശനത്തിന്‍റെ വാളൂരിച്ചെന്ന്
അധികാരത്തിന്‍റെ വീര്‍ത്ത കീശ
കണ്ടു ഭ്രമിച്ചഭിപ്രായ
വാ തുറന്നീച്ചയാര്‍ത്തു.

അവകാശം
ആശ്രയത്തിന്‍റെ പടര്‍ന്നു
പന്തലിച്ചൊരാകാരം കണ്ടതിന്‍റെ
ശീതളഛായയിലൊതുങ്ങാനുള്ളവകാശമായി
മുട്ടോളം പൊക്കത്തിലങ്ങിനെ മുരടിച്ചു നിന്നു.

കരുണ
അലിവിന്‍റെ ലോലതയിലിരുന്നര്‍ഥം
കണ്ടുകൊതിച്ചക്കൌണ്ടുകള്‍
തുറന്നവയുടെ കൂര്‍ത്ത പല്ലുകളില്‍ത്തന്നെ
കരുണയില്ലാതെ കുടുങ്ങി.

പ്രണയം
സ്നേഹത്തോണിയിലാറ്‍പ്പു വിളിച്ചല്‍പ്പം
തുഴഞ്ഞാ ജീവിതക്കടലിന്‍റെ
ആഴം കണ്ടു പകച്ചൊരു
പാറക്കെട്ടിലേക്കിടിച്ചു കയറി.

അഭിമാനം
ഒൌദാര്യം വെച്ചുനീട്ടിയതൊക്കെയും
വാരിവലിച്ചുതിന്നജീറ്‍ണ്ണം
പിടിച്ചു നാറിക്കിടന്നു.

സ്വാതന്ത്ര്യം
ബ്രിട്ടീഷുകാരുടെ ജയിലുകള്‍പൊളിച്ചെറിഞ്ഞു
തന്‍റെ കൈകൊണ്ടൊരു ജയില്‍
തനിക്കായിത്തീര്‍ത്തതിനുള്ളില്‍
അങ്ങോളമിങ്ങോളം
സ്വതന്ത്രമായോടി നടന്നു.

Sunday, August 10, 2008

മഴ... (കവിത)

(അഗ്രിച്ചേട്ടനോട്‌ പിണങ്ങി എന്‍റെ കവിതാ ബ്ളൊഗ്‌ഡിലീറ്റിയിരുന്നു. വീണ്ടും ഒരു സംരംഭം തുടങ്ങി നോക്കുകയാണ്‌. ആയുസ്‌ എത്രയുണ്ടെന്ന് വഴിയേ കാണാം. എന്തായാലുംതേങ്ങയടിച്ചുകൊണ്ടൊന്നു പോസ്റ്റുന്നു. )

മഴ...
മടിച്ചും, ചാറ്റിയും, പെരുത്തും,
ആര്‍ത്തും പെയ്തിറങ്ങി,
മണ്ണിനു മണമേകി
തനുവിനു കുളിരേകി
മനസിനുണര്‍വേകും മഴ...

കരയെ കുളിപ്പിച്ചു
പച്ചയുടുപ്പിച്ചു പൂക്കളാല്‍
പഴങ്ങളാലലങ്കരിച്ചും,
ദാഹമകറ്റിയും വിശപ്പടക്കിയും
ജീവന്നമൃതേകി,
പ്രപഞ്ച ചൈതന്യമായി നീ മഴ...

മാനവും മനവും നിറഞ്ഞെത്ര
ഇളനീര്‍ക്കുളിരിനാലീയുന്‍മേഷ മഴ;
സുന്ദരി നീ,
തുള്ളിത്തുള്ളിയെത്തുന്നതെന്‍
നെഞ്ചിലെ ചൂടിലലിഞ്ഞിറങ്ങാനോ?
ചുണ്ടിലെ ശോണിമനുണയാനോ?
അതോ എന്നറിവിന്‍ നെറുകയിലൊരു
കുളിര്‍ മുത്തമിട്ടെന്നെ ഉണര്‍ത്താനോ?

അറിയാനെന്തു വഴി?
പിടിച്ചു കയറുന്നെന്‍ കൌതുകമൊരു
ചിലന്തിയെപ്പോലീമഴനൂലുകളിലൂടങ്ങുയരങ്ങളിലേക്ക്‌
ഓരോ തുള്ളിയിലുമിത്രയേറെ മധുരവും
മണവുമുന്‍മേഷവും നിറച്ചെന്നെത്തഴുകുമ്പോഴും
ആകാശത്തിനാഴങ്ങളിലൊളിച്ചിരിക്കും
നിന്‍ മുഖമൊന്നു കാണാന്‍,
കൈകളില്‍ കോരിയെടുത്താശ്ളേഷിക്കാന്‍,
നിന്‍റെയുന്‍മേഷങ്ങളില്‍ നീന്തിത്തുടിക്കാന്‍,
നിന്‍ കുളിരിലേക്കു പെയ്തലിയാന്‍....

ചളിയില്‍ നിന്നു താമരപോലെയീ
കരിമേഘങ്ങളില്‍ നിന്നോ നീ പിറക്കുന്നു!
സ്നേഹക്കടല്‍ നിന്നമ്മയെന്നോ
സന്ധ്യക്കവളെമുത്തിച്ചുവപ്പിക്കും
പ്രഭാരാജന്‍ നിന്നച്ഛനെന്നോ
എങ്കിലതിശയമൊട്ടുമില്ലവരുടെ
മകള്‍ മഴ നീയിത്രയുമമൃതവര്‍ഷിണി !



--------
"എന്തൊക്കെണ്ടായ്ട്ടെന്താ കാര്യം ശകുന്തളേ" കഥഇവിടെയുണ്ട്‌.