Saturday, September 22, 2012

കൂപ്പുകൈ



സ്വതന്ത്രനായി നടക്കുന്ന നേരത്താണവരെത്തിയത്‌,
എന്നെ സഹായിക്കാന്‍.
പിന്നെ അവരെണ്റ്റെ കൈകള്‍ പിറകിലേക്കു കെട്ടി,
കാലുകള്‍ സ്വതന്ത്രമാണല്ലോ, ഞാനാശ്വസിച്ചു.

പിന്നീടവരെണ്റ്റെ കാലുകളും കൂട്ടിക്കെട്ടി
നാവു സ്വതന്ത്രമാണല്ലോ എന്നാശ്വസിച്ച-
പ്പോള്‍ചകിരി വായില്‍ തിരുകി ടേപ്പ്‌ വെച്ചൊട്ടിച്ചു.

ആശ്വസിച്ചു ശീലിച്ചുപോയതുകൊണ്ടാവാം
ശ്വാസമെടുക്കാമല്ലോ എന്നാശ്വസിച്ചു.
ഉടനവരെണ്റ്റെ കഴുത്തില്‍ കയറുവരിഞ്ഞു മുറുക്കി
മൂക്കില്‍ പഞ്ഞി തിരുകി കയറ്റി.

മരണവെപ്രാളത്തില്‍
കൈകാലുകളിട്ടടിക്കുമ്പോളാശ്വസിച്ചു,
എല്ലാമിതോടെ തീര്‍ന്നുകിട്ടുമല്ലോ.
തിരിഞ്ഞു നിന്നവരെണ്റ്റെ
കഴുത്തിലെ കയര്‍അല്‍പ്പം അയച്ചു,
പഞ്ഞിയിളക്കി മാറ്റി.

പിന്നെ കൈകൂപ്പി നിന്നവരഭ്യര്‍ത്ഥിച്ചു,
"നിങ്ങളെ സഹായിക്കാന്‍ ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്‌,
അതിനായി കേവലം ഒരു വോട്ട്‌.. "

Tuesday, February 14, 2012

ദേശപ്രേമം

ദേശപ്രേമം സമം ക്രിക്കറ്റ്‌ എന്നാണല്ലോ,
അതോണ്ടാ തോറ്റോണ്ടിരുന്നിട്ടും ഇന്ത്യ കളിച്ചോണ്ടിരുന്നത്‌,
എന്നാല്‍ മീഡിയാ മുഴുനീള കോളങ്ങളില്‍ കരഞ്ഞോണ്ടിരുന്നു,
ഇന്ത്യ തോറ്റതിനല്ല,സച്ചിനു നൂറാം സെഞ്ചുറി കിട്ടാതിരുന്നതിന്‌.

അത്ഭുതമെന്നു പറയട്ടെ, ആദ്യമായി ആദ്യജോഡി
അമ്പതു റണ്ണെടുത്തു, ഇന്ത്യ ജയിക്കുകയും ചെയ്തു !!
എന്നിട്ടും മീഡിയാ കരഞ്ഞോണ്ടിരുന്നു,
സച്ചിനെ കളിപ്പിക്കാത്തതിന്‌.

ഒരു ശിശു ടീമിനെ വിളിച്ചു വരുത്തി
അതൊന്നു തികച്ചു കൊടുക്കാനുള്ള ബുദ്ധി
എന്നാണീ ബോര്‍ഡിനുണ്ടാകുക!