Wednesday, December 3, 2008

പുക (കവിത)

മൂത്രഗന്ധത്തില്‍ ശ്വാസം മുട്ടുന്ന
മൂക്കിന്‍ തുമ്പിലേക്കു
ചുരുളുകളായെത്തി പുക പറഞ്ഞു,
"ചുമ്മാ ഒന്നു വലിക്കെടാ"

ഒരു തവണയല്ലേ,
അറിവ്‌ അനുഭവത്തിലൂടെയെന്നല്ലേ,
ഒന്നു വലിച്ചേക്കാം.

തൊണ്ട കാറി ചുമച്ചു,
വയറു പൊള്ളി, പിന്നെ
പുകയുന്ന മൂക്കിലേക്കേറെ നേരം
വെള്ളമൊഴുക്കി കണ്ണുകള്‍.
ചുറ്റും പൊടി മീശക്കാരുടെ
ചിരി പ്രളയം,
അതിലോളമിട്ടിളകുന്ന
കൌതുകങ്ങള്‍

പുകയൊരു തീയിണ്റ്റെ തരി
ഉള്ളിലിട്ടാണു പോയത്‌,
പുകയിലയുടെ ആസക്തിയായി
പുകഞ്ഞു പുകഞ്ഞങ്ങിനെ
സിരകളിലേക്കു പടരാന്‍,
ഊര്‍ജം ചുരത്താന്‍,
മനസിനെ ഉണര്‍ത്താന്‍,
പുകമറകളില്‍ പുതഞ്ഞു കിടക്കാന്‍..

ഏതു പുകമറയ്ക്കാകു'മെന്നും
നെഞ്ചെരിക്കും തീയൊളിപ്പിക്കാന്‍,
കരളുവേവിന്‍ നീറ്റ്‌ അകറ്റാന്‍,
ഹൃദയത്തിലെ പുണ്ണു മാറ്റാന്‍,
ചിന്തയെ ശുഭ്രം പുതയ്ക്കാന്‍.

ഒരുനാളിലന്വേഷണം കണ്‍ തുറന്നു,
കൊച്ചു പുകയൂതി മെല്ലെ ചികഞ്ഞു
ആ വളയങ്ങള്‍ എഴുതുന്ന വരികള്‍-
"പുകയിലേറെ ചെന്നാല്‍ തീയും
തീയൊന്നു തൊട്ടാല്‍ പുകയും".

അറിവിലേക്കൊരു മിന്നല്‍ വീണു
'ആ' പുകയില്‍ നിന്ന്‌ 'ഈ' പുക
വേറല്ലെന്ന വേദാന്തം തെളിഞ്ഞു
പുക എഴുതുകയാണത്‌ ഇപ്പോഴും
താഴെ ചിതയെരിയുകയാണെങ്കിലും.