Wednesday, February 25, 2009

മാമ്പഴക്കൊതി !

തോട്ടുകണ്ടം താണ്ടിയ
ചളിയില്‍ പുതഞ്ഞ കാലുകള്‍
പൊളിഞ്ഞ വേലീലൂടനന്തന്‍റെ പറമ്പില്‍
കീശയിലെ കല്ലൂകള്‍
മിസ്സൈലുകളായി മുഴയന്‍ മാവിലേക്ക്‌

ചുണവീണു പൊള്ളിയതറിയാതെ
ചുണ്ടുകള്‍ നുണയുന്ന തേന്‍ ക്കഴമ്പ്‌
കൈത്തണ്ടയിലൂടൊലിച്ച തുള്ളി പോലും
നക്കിയ നാവിന്‍റെ കൊതി
മാധുര്യത്തിലാറാടുന്ന രസം!

കോട്ടപള്ളി സ്ക്കൂളിലെ
മണിയടി ശബ്ദം കാതില്‍
തങ്കമണി ടീച്ചറുടെ
മയിലാഞ്ചിക്കമ്പ്‌ മനസില്‍
അണ്ടിക്കു ക്ഷണത്തില്‍ വളര്‍ന്ന
സ്വര്‍ണ്ണത്താടിയിലൊരു കടി
അവസാനമായിട്ടൊരു നക്ക്‌
മനസില്ലാമനസ്സാലെ ഒരേറ്‌
കുപ്പായത്തില്‍ കുഞ്ഞി കൈകള്‍തുടച്ചോണ്ടൊരോട്ടം.

വഴിക്കണക്കിന്‍റെ ആഴങ്ങളില്‍ മുങ്ങാതെ,
കൈവെള്ളയിലെ മയിലാഞ്ചിപ്പാടില്‍ നീറ്റാതെ,
എറിഞ്ഞു കളഞ്ഞ അണ്ടിക്കു
പിറകേ പായുന്ന മാനസം.

പല്ലുകള്‍ക്കിടയിലെ നാരിളക്കാന്‍
ഇന്നും നാവിന്‍റെ വൃഥാശ്രമം:
അതിനുമൊരു രസം!!

Sunday, February 22, 2009

ഇഷ്ടം മോഹം (കവിത)

ഇഷ്ടങ്ങളെ
ഇഷ്ടപ്പെടാന്‍ പോലു-
മിഷ്ടമില്ലെന്നാലുമുണ്ടൊരിഷ്ടം
ഇഷ്ടങ്ങളില്ലാത്ത
ശിഷ്ടകാലത്തേയും തെല്ലു-
മിഷ്ടമില്ലാതേറെ
കഷ്ടമായ്‌ തന്നങ്ങു
നഷ്ടമാക്കീടാനുള്ളൊരിഷ്ടം.

മോഹങ്ങളെ
മോഹിക്കുവാന്‍ പോലും
മോഹമില്ലെന്നാലുമുണ്ടുമോഹം
മോഹങ്ങളൊന്നുമില്ലെന്നവ്യാ-
മോഹത്തെയും തരി
സ്നേഹമില്ലാതെ
ദഹിപ്പിക്കുവാനുള്ളെന്‍റെ മോഹം.