Saturday, November 28, 2009

അന്വേഷണം (കവിത)


ആദ്യമായാണു നാട്ടില്‍ അങ്ങിനെയൊരു സംഭവം.

കള്ളന്‍ കേറുന്നതും, കക്കുന്നതും,
ചിലപ്പോള്‍ കണ്ണടച്ചിരിക്കുന്ന
സംസ്ക്കാരത്തെ തന്നെ പൊക്കുന്നതുമൊക്കെ
പതിവാണെങ്കിലുമി'തങ്ങിനെയാണോ
സംസ്ക്കാരത്തിണ്റ്റെ വീടടിച്ചു പൊളിച്ചു
വോട്ടു കെട്ടുകള്‍ കട്ടോണ്ടു പോകുന്നത്‌?

ചെയ്യാനൊത്തിരിയുണ്ടു കാര്യങ്ങള്‍,
കള്ളണ്റ്റെ സഞ്ചീലൊരു തുളയുണ്ടാക്കണം
വഴിയില്‍ ചോരുന്നതൊക്കെ പെറുക്കി
പിന്നാലെ നടക്കണം, കള്ളനോട്‌ ഇരക്കണം,
വല്ലതും ബാക്കി കിടക്കുന്നതൊക്കെ
അടിച്ചു കൂട്ടിയെടുക്കാനും
കുറ്റം ഏതെങ്കിലും തലയില്‍ ചാര്‍ത്താനും
അന്വേഷണത്തിനു കമ്മീഷന്‍ കൊടുക്കണം.

പത്തു പതിനെട്ടു വര്‍ഷം
'ലിബ്രല്‍" ആയി അന്വേഷിച്ച്‌
ആ മഹാ സത്യം കണ്ടെത്തി,
കള്ളന്‍ വിചാരിച്ചിരുന്നെങ്കില്‍
ആ കളവൊഴിവാക്കാമായിരുന്നു!

പുഴയിലെ കവിത "പനി" വായിക്കാന്‍ ഇവിടെ ഞെക്കുക.

Wednesday, November 11, 2009

ഇരുള്‍പ്രഭ (കവിത)

ഒരു നെന്‍മണിയില്‍ കണ്ണെത്താ വയലുകളും
ഒരു മൌനമേഘത്തില്‍ തോരാക്കണ്ണീറ്‍മഴയും
ഒരു ചിരാതിന്‍ പുഞ്ചിരിയില്‍
ഒരു കോടി നക്ഷത്രപ്രഭയും
കാണുന്നൊരു കണ്ണിനു
കാണാമൊരു സുന്ദരിയെ
കരിമ്പാറച്ചീളിലു'മെങ്കിലും
കാണിക്കരുതവളെ
മറനീക്കി തിരയുന്നോറ്‍ക്ക്‌
അറിയാ'തതെങ്ങാനുമെടുത്തെറിഞ്ഞാല്‍
ഉടയുമാ കണ്ണുകളില്‍ ഒളിക്കും
ഇരുളിന്നാഴക്കടലുകളെന്നേക്കുമായ്‌.

Monday, November 2, 2009

ഭാഷയിലല്ലാ പ്രശ്നമെന്നു മാത്രം പറയരുത്‌ (കവിത ?)

കനക ചിലങ്ക കിലുക്കിയും
തങ്കത്തരിവളയിളക്കിയും
വരമന്ദഹാസം പൊഴിച്ചും
അഞ്ചിക്കുഴഞ്ഞഴിഞ്ഞാടുമ്പോഴാണു
ബെല്ലടിച്ചതും കവിത ടീച്ചര്
‍ഇറങ്ങിപ്പോയതും.

സന്തോഷം തിങ്ങി നിറഞ്ഞ
നെഞ്ചിലേക്കൊരു വിങ്ങലായി
കണക്കു മാഷു കേറി വന്നു.
കറുത്ത ബോര്‍ഡില്‍ അക്കങ്ങളും
ചിഹ്നങ്ങളും തുള്ളിക്കളിച്ചു.
എത്ര ശ്രമിച്ചിട്ടും ജ്യാമിതിയും
ത്രികോണമിതിയും കാല്‍ക്കുലസുമൊന്നും
ബോര്‍ഡില്‍ നിന്നു തലയിലേക്കു കേറുന്നില്ല.
ബോര്‍ഡോ, കണക്കോ, അതോമാഷോ പ്രശ്നം?

കവിത ടീച്ചറോട്‌ ഒന്നുംചോദിക്കേണ്ടി വന്നില്ല.
തെളിഞ്ഞ വെള്ളത്തില്‍ നീന്തുന്ന
അരയന്നങ്ങള്‍ പോലെ വാക്കുകള്‍.
അതെ, കണക്കു സാറിന്‍റെ ഭാഷ തന്നെ പ്രശ്നം?

"അപ്പോള്‍ നിന്‍റെ കൂട്ടുകാര്‍ക്കു മനസിലാകുന്നതോ?"

ഓ, അതു വെറുതെ കീച്ചുന്നതാവും
മേല്‍ക്കൂരക്കടിയിലെ പല്ലിയെപ്പോലെ
മനുഷ്യന്‍ ഉരുണ്ട ഭൂമീടെ
കീഴ്‌ ഭാഗത്തു കിടക്കും നടക്കുമെന്നൊക്കെ
സയന്‍സ്‌ ടീച്ചര്‍ പറഞ്ഞതു പോലും
മനസിലായെന്നു പറഞ്ഞോരല്ലേ ഇവര്‍!
ഇതും ഇതിലപ്പുറവുമറിയാമെന്നു
മേനി കാട്ടുന്ന വങ്കന്‍മാര്‍.

അപ്പോള്‍ ഭാഷയിലല്ലാ പ്രശ്നമെന്നു മാത്രം പറയരുത്‌.

Monday, September 7, 2009

കോടതി വിധി


ഇന്നു കോടതി വിധിയാണ്‌,
നാടിനെ നടുക്കിയ
കൊലപാതകകേസിന്‍റെ വിധി.

പതിനായിരം പേജുള്ള കുറ്റപത്രം,
നൂറ്റിപ്പതിനാറു സാക്ഷികള്‍,
പതിറ്റാണ്ടു നീണ്ട വിചാരണ,
ഒടുക്കം ഇതാ കോടതി
ശിക്ഷകള്‍ വിധിച്ചു തുടങ്ങി.

ഇരുപതു മുതല്‍ അമ്പതു വരെയുള്ള
പ്രതികളെ വെറുതെ വിട്ടു,
തെളിവില്ലാത്തതിനാല്‍.
പത്തൊന്‍പതാം പ്രതിയേയും വിട്ടു,
വെളിവില്ലാഞ്ഞതിനാല്‍.

പത്തു തൊട്ട്‌ പതിനെട്ടു വരെയുള്ള
പ്രതികള്‍ക്കു ദീറ്‍ഘ കാല തടവും പിഴയും,
തെളിവു നശിപ്പിച്ചതിനു,
അതിനു കൂട്ടു നിന്നതിനു.

പ്രതിയെ കുറ്റസ്ഥലത്തെത്തിച്ച
കാര്‍ ഡ്രൈവര്‍ക്കും,
അവനു പ്രഭാത ഭക്ഷണം കൊടുത്ത
തട്ടു കടക്കാരനും
കഠിനതടവ്‌.
കാറുടമക്കു പിഴ.

ഹൈവേ നിറ്‍മ്മിച്ചു
മുഖ്യ പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ച
കോണ്‍ട്രാക്ക്ടറ്‍ക്കു
രണ്ടു കൊല്ലം കഠിന തടവും
രണ്ടേകാല്‍ രൂപ പിഴയും.

കൊലക്കത്തിയുടെ പിടി
ഇളകിയതായി കണ്ടതിനാലും,
കൊന്നതാണോ സ്വയം കുത്തി ചത്തതാണോ
എന്നു കൃത്യമായി തെളിയിക്കാന്‍
കഴിയാഞ്ഞതിനാലും,
സംശയത്തിന്‍റെ ആനുകൂല്യം നല്‍കി
ഒന്നാം പ്രതിയെ വെറുതെ വിടാന്‍
ഇടയാക്കിയതിനു
അന്വേഷണ ഉദ്യോഗസ്ഥനെ

കോടതി ശകാരിക്കുകയും ചെയ്തു.

Thursday, April 23, 2009

പൂവീട്‌

`ചെറുതെങ്കിലും ബലവത്തായ ഒരു വീട്‌'
ആ സ്വപ്നം ഇതാ സ്വപ്നമല്ലാതായി
മുന്നില്‍ നില്‍ക്കുന്നു.

അവന്‍ അവളോടൊപ്പം പാര്‍പ്പു തുടങ്ങി,
അവര്‍ക്കു വേണ്ടി അവരാല്‍ കെട്ടപ്പെട്ട
അവരുടെ ആ വീട്ടില്‍.

അര്‍ദ്ധ നഗ്നമായ വീട്ടില്‍
പൂറ്‍ണ്ണ നഗ്നരായി അവര്‍!
ചെങ്കല്ലുകള്‍ മോണ കാട്ടി
ചിരിക്കാതിരിക്കുന്നതെങ്ങിനെ?

നാണിച്ചു കൊണ്ടവനവളോടു പറഞ്ഞു-
"ഈ കല്ലുകളൊക്കെ പൂക്കളായിരുന്നെങ്കില്‍... "
ആഗ്രഹങ്ങള്‍ പൂവണിയുന്ന
കാലമായിരുന്നല്ലോ അത്‌.
ഉടന്‍ ആ കല്ലുകളൊക്കെ പൂക്കളായി.
അവര്‍ ഒരു പൂക്കുമ്പാരത്തിനടിയിലായി.
അവരുടെ തലയിലുമുണ്ടായിരുന്നു ഒരുപാടു പൂക്കള്‍,
മേല്‍ക്കൂര മുത്തമിട്ടതിന്‍റെ ചോരപ്പൂക്കള്‍.

മറ്റൊരു കവിത ഇവിടെ വായിക്കുക.

Wednesday, February 25, 2009

മാമ്പഴക്കൊതി !

തോട്ടുകണ്ടം താണ്ടിയ
ചളിയില്‍ പുതഞ്ഞ കാലുകള്‍
പൊളിഞ്ഞ വേലീലൂടനന്തന്‍റെ പറമ്പില്‍
കീശയിലെ കല്ലൂകള്‍
മിസ്സൈലുകളായി മുഴയന്‍ മാവിലേക്ക്‌

ചുണവീണു പൊള്ളിയതറിയാതെ
ചുണ്ടുകള്‍ നുണയുന്ന തേന്‍ ക്കഴമ്പ്‌
കൈത്തണ്ടയിലൂടൊലിച്ച തുള്ളി പോലും
നക്കിയ നാവിന്‍റെ കൊതി
മാധുര്യത്തിലാറാടുന്ന രസം!

കോട്ടപള്ളി സ്ക്കൂളിലെ
മണിയടി ശബ്ദം കാതില്‍
തങ്കമണി ടീച്ചറുടെ
മയിലാഞ്ചിക്കമ്പ്‌ മനസില്‍
അണ്ടിക്കു ക്ഷണത്തില്‍ വളര്‍ന്ന
സ്വര്‍ണ്ണത്താടിയിലൊരു കടി
അവസാനമായിട്ടൊരു നക്ക്‌
മനസില്ലാമനസ്സാലെ ഒരേറ്‌
കുപ്പായത്തില്‍ കുഞ്ഞി കൈകള്‍തുടച്ചോണ്ടൊരോട്ടം.

വഴിക്കണക്കിന്‍റെ ആഴങ്ങളില്‍ മുങ്ങാതെ,
കൈവെള്ളയിലെ മയിലാഞ്ചിപ്പാടില്‍ നീറ്റാതെ,
എറിഞ്ഞു കളഞ്ഞ അണ്ടിക്കു
പിറകേ പായുന്ന മാനസം.

പല്ലുകള്‍ക്കിടയിലെ നാരിളക്കാന്‍
ഇന്നും നാവിന്‍റെ വൃഥാശ്രമം:
അതിനുമൊരു രസം!!

Sunday, February 22, 2009

ഇഷ്ടം മോഹം (കവിത)

ഇഷ്ടങ്ങളെ
ഇഷ്ടപ്പെടാന്‍ പോലു-
മിഷ്ടമില്ലെന്നാലുമുണ്ടൊരിഷ്ടം
ഇഷ്ടങ്ങളില്ലാത്ത
ശിഷ്ടകാലത്തേയും തെല്ലു-
മിഷ്ടമില്ലാതേറെ
കഷ്ടമായ്‌ തന്നങ്ങു
നഷ്ടമാക്കീടാനുള്ളൊരിഷ്ടം.

മോഹങ്ങളെ
മോഹിക്കുവാന്‍ പോലും
മോഹമില്ലെന്നാലുമുണ്ടുമോഹം
മോഹങ്ങളൊന്നുമില്ലെന്നവ്യാ-
മോഹത്തെയും തരി
സ്നേഹമില്ലാതെ
ദഹിപ്പിക്കുവാനുള്ളെന്‍റെ മോഹം.