Tuesday, August 26, 2008

അത്തം പുലര്‍ന്നേ... ഓണം തളര്‍ന്നേ...

മുക്കുത്തിപ്പൂ ചിരിച്ചു
വയല്‍ വരമ്പില്‍, ചാരെ
വണ്ണാത്തി പുള്ളു ചിലച്ചു
കുളക്കരയില്‍.
വിളകൊയ്യും പാടത്ത്‌
കുഞ്ഞാറ്റക്കിളി പാടി
അത്തം പുലര്‍ന്നേ...
ഓണം വന്നേ...
അത്തം പുലര്‍ന്നേ...
ഓണം വന്നേ...

മുക്കുത്തിപ്പൂ ചിരിച്ചു
വയല്‍ വരമ്പില്‍, ചാരെ
വണ്ണാത്തി പുള്ളു
ചിലച്ചുകുളക്കരയില്‍

അത്തപൂക്കളമെങ്ങും
ചിരി വിടര്‍ത്തി
തുമ്പപ്പൂ ചോറുമായിട്ടിലയൊരുങ്ങി,
തേക്കിന്‍കാടു വഴിയേ പുലിയിറങ്ങി
ഓണപ്പൊട്ടനെങ്ങും മണികിലുക്കി
മാവേലിതമ്പ്രാനെ മനതാരില്‍
വരവേല്‍ക്കാന്‍കുമ്മാട്ടിതെയ്യങ്ങള്‍
ആഘോഷമായ്‌..

മുക്കുത്തിപ്പൂ ചിരിച്ചു
വയല്‍ വരമ്പില്‍, ചാരെ
വണ്ണാത്തി പുള്ളു ചിലച്ചു
കുളക്കരയില്‍

ഉത്രാട പോക്കുവെയില്‍
അഷ്ടമുടിയില്‍
ഓളത്തില്‍ ഞൊറിയിട്ട
കസവിളക്കി
ആനാരീം കാരിച്ചാലും
ചെറുതനയും വലിയദിവാന്‍ജീം
പുന്നമടക്കായലില്‍ മിന്നല്‍പ്പിണരായ്‌
തീരങ്ങളോ ആനന്ദത്തിന്‍അലകടലായ്‌..
തിത്തിത്തോം തെയ്തെയ്തോം
തിത്തിത്തോം തെയ്തെയ്തോം...

മുക്കുത്തിപ്പൂ ചിരിച്ചു
വയല്‍ വരമ്പില്‍, ചാരെ
വണ്ണാത്തി പുള്ളു ചിലച്ചു
കായല്‍ക്കരയില്‍

മുഞ്ഞതിന്ന പാടത്തിനരികിലായി
ജപ്തി നോട്ടീസ്‌ വിരിച്ചിട്ട്‌കോരനിരുന്നു.
കീറാത്ത നാക്കിലയില്‍
പഴകാത്ത ചോറും ചാറും പപ്പടവുമായി
ഊണുകൊഴുത്തു.

പിന്നെ, ചക്കരച്ചോറിന്‍റെ
പായസത്തില്‍കുപ്പീതുറന്നു പരാമറൊഴിച്ചു.
കണ്ണീരിനുപ്പോടെ,
നീറുന്ന വ്യഥയോടെ
അതുവിഴുങ്ങുമ്പോള്‍...

മുക്കുത്തിപ്പൂ കൊഴിഞ്ഞു
വയല്‍വരമ്പില്‍ മെല്ലെ
വണ്ണാത്തി പുള്ളൊളിച്ചു
പ്ളാച്ചിപ്പൊത്തില്‍
വിളയില്ലാപ്പാടത്ത്‌
കുഞ്ഞാറ്റക്കിളിതേങ്ങി
അത്തം കരിഞ്ഞേ...
ഓണം തളര്‍ന്നേ...
അത്തം കരിഞ്ഞേ...
ഓണം തളര്‍ന്നേ....

11 comments:

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

പാട്ടു പാടാന്‍ അറിയാത്ത എന്‍റെ പാട്ടെഴുതാനുള്ള ശ്രമമാണിത്‌.
പാഴ്ശ്രമമായെങ്കില്‍ പറയുക...

ശ്രീ said...

ജിതേന്ദ്ര മാഷേ...
ഓണപ്പാട്ട് മോശമായില്ല കേട്ടോ. സാധാരണ കര്‍ഷകന്റെ ജീവിതം തന്നെ വരച്ചു വച്ചിരിയ്ക്കുന്നല്ലോ...

Jayesh/ജയേഷ് said...

paazhsramamayillattoooo

Rare Rose said...

കൊള്ളാട്ടോ പാട്ടു..ശ്രമം വിജയിച്ചിരിക്കുന്നല്ലോ..:)

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ശ്രീ:
ഒാണം ഉണ്ണുമ്പോള്‍ ഞാനെപ്പോഴും ആലോചിക്കാറുണ്ട്‌, ഈ നെല്ല് വിളയിച്ചവറ്‍ ഇപ്പോള്‍ എന്തു ചെയ്യുകയാവും എന്ന്. (അവരെക്കുറിച്ച്‌ കാണുന്ന വാര്‍ത്തകളൊന്നും നല്ലതല്ലല്ലോ. )

ഡിലൈല:
നന്ദി.
ഒ.ടോ. സി.വി ഒന്നു രണ്ടിടത്ത്‌ അയച്ചിട്ടുണ്ട്‌)

റോസ്‌:
നന്ദി.
(ഒാണത്തിരക്കിലാണല്ലേ..? വടം വലി... ഒാട്ടം... അങ്ങിനെ)

മയൂര said...

"മുഞ്ഞതിന്ന പാടത്തിനരികിലായി
ജപ്തി നോട്ടീസ്‌ വിരിച്ചിട്ട്‌കോരനിരുന്നു.
കീറാത്ത നാക്കിലയില്‍
പഴകാത്ത ചോറും ചാറും പപ്പടവുമായി
ഊണുകൊഴുത്തു.

പിന്നെ, ചക്കരച്ചോറിന്‍റെ
പായസത്തില്‍കുപ്പീതുറന്നു പരാമറൊഴിച്ചു.
കണ്ണീരിനുപ്പോടെ,
നീറുന്ന വ്യഥയോടെ
അതുവിഴുങ്ങുമ്പോള്‍..."

ഈ വരികളാണെനിക്ക് ഏറെ ഇഷ്ടമായത്.
ഇത് ഒരു കർഷകന്റെ ആതമഹത്യാ കുറിപ്പെന്ന കവിതയെ ഓർമ്മിപ്പിച്ചൂ...
നന്ദി :)

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

മയൂരാ...
ഇവിടൊയൊക്കെ ഉണ്ടോ?
സന്തോഷം.

ഗോപക്‌ യു ആര്‍ said...

nalla gaanam....

പ്രയാസി said...

പാടാന്‍ ആളെ കിട്ടാണ്ടു വന്നാല്‍ എന്നെ വിളിക്ക്യ..(ഞാനത് പാടിക്കേട്ടാല്‍ മാഷ് അന്നത്തോടെ എഴുത്ത് നിര്‍ത്തും)

നന്നായി..:)

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ഗോപക്‌ യു ആര്‍:
നന്ദി.

പ്രയാസി:
ഇല്ല അക്കാര്യത്തില്‍ (പാടുന്നതിന്‍റെ) ഞാന്‍ പ്രയാസിയേക്കാള്‍മുന്നിലാണ്‌. പേടിക്കേണ്ട.

Jayasree Lakshmy Kumar said...

മയൂര quate ചെയ്ത അതേ വരികൾ തന്നെയാണ് എനിക്കും ഒരുപാടിഷ്ടമായത്, പാടി വന്നതിന് അപ്പോഴാണ് അർത്ഥമുണ്ടായത്