Sunday, January 4, 2009

പുത്തന്‍ പരിചയങ്ങള്‍ (കവിത)

ഓടുന്ന കാലുകളെ
ഒന്നു നില്‍ക്കാമോ?
എന്നെയൊന്ന്‌ പരിചയപ്പെടുത്താനാണ്‌,
സകുടുംബം വിശദമായി.

മുറ്റമടിക്കുന്ന ചൂലിനൊപ്പം പടിയിറങ്ങി,
സന്ധ്യാദീപവുമൊത്ത്‌
തുളുമ്പുന്ന തൂക്കുപാത്രവുമായെത്തുന്ന
സാന്ത്വനത്തിന്‍റെ അമ്മ.

ചളിയുടെ,
നെല്ലിന്‍റെ,
കള്ളിന്‍റെ മണമുള്ള കാറ്റായി
പാതിയഴിഞ്ഞ മുണ്ടുമായി,
പാതിരായ്ക്ക്‌ വേച്ചുവേച്ചെത്തുന്ന
വിയര്‍പ്പിന്‍റെ അച്ഛന്‍.

ചിന്തകളില്‍ നിന്ന്‌
ചിന്തകളിലേക്ക്‌ തീ കൊളുത്തി,
ലോകത്തെ വിഴുങ്ങിയ പുകയകറ്റാന്‍,
പന്തം കൊളുത്തിയെത്തുന്ന
ശകാരത്തിന്‍റെ ചേട്ടന്‍.

ആഹാരത്തെ
അടുക്കളയില്‍ നിന്നും രക്ഷിക്കാന്‍,
കുത്തഴിയാത്ത സാരി
കമ്പോളങ്ങളില്‍ വില്‍പ്പിക്കാന്‍,
തേഞ്ഞ റബ്ബര്‍ ചെരിപ്പിട്ട്‌ നടക്കുന്ന
വാചക കസര്‍ത്തിന്‍റെ ചേച്ചി.

ഏകാന്തതയുടെ നെടുങ്കന്‍
പകല്‍പ്പാളങ്ങളില്‍,
തിമിരം മെഴുകിയ ഇറയത്ത്‌
എന്‍ഡോസള്‍ഫാന്‍ കാറ്‍ന്നു
തിന്ന സ്വപ്നങ്ങളോടൊത്ത്‌
കൊത്തങ്കല്ലു കളിച്ച്‌
ഇഴജന്തുക്കളുടെ കൂടെ
അവരിലൊരാളായി ഞാനും.

3 comments:

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ഡിലീറ്റ്‌ ചെയ്ത എന്‍റെ ബ്ളോഗിലുണ്ടായിരുന്ന ഒരു കവിത ഇവിടെ വീണ്ടും പോസ്റ്റുന്നു.
വായിച്ചവര്‍ ക്ഷമിക്കുക.

പാമരന്‍ said...

നേരത്തേ വായിച്ചിരുന്നു.. ഇഷ്ടമായി..

ചങ്കരന്‍ said...

വളരെ നല്ല കവിത. നല്ല വരികള്‍.