Friday, January 16, 2009

വെട്ടേറ്റ നിലവിളി (കവിത)

നിലവിളികളില്‍ തിളയ്ക്കുന്ന വടിവാളുകള്‍
കണ്ടുന്‍മാദം പൂണ്ടിളകുന്ന കൊടികള്‍
പിന്നില്‍ നിരക്കുന്ന ചൂണ്ടു വിരലുകള്‍
പൊട്ടാനൂഴം കാത്തു മറുബോംബുകള്‍

കുഞ്ഞുറക്കങ്ങളിലേക്കു ചൂഴും വിശപ്പും
കാത്തിരിപ്പിന്‍ കണ്‍മഷിയിലുറക്കവും
വൃദ്ധനെഞ്ചില്‍ കൊടികുത്തിയ ചുമയും

എല്ലാം കാണുന്നുണ്ടു തുറിച്ച കണ്ണുകള്‍,
വെട്ടേറ്റ നിലവിളി താഴെയിട്ട ഐസുകുട്ടയില്‍
ഇടതും വലതും ചരിഞ്ഞു വിറങ്ങലിച്ചങ്ങിനെ.

Saturday, January 10, 2009

ബലൂണ്‍

മുന്നില്‍ എത്തേണ്ടിടം മാത്രം.
കുതിപ്പില്‍ നിന്നും കുതിക്കുന്ന
കാറിണ്റ്റെ വേഗത്തെ
ഭയന്നുമാറുന്നപുകമഞ്ഞുമിരുട്ടും.

തെല്ലകലെ ആകാശത്ത്‌
താഴെക്കോടുന്ന പച്ചയക്കങ്ങള്‍
കടന്നുപോകണം ആ സിഗ്നല്‍ പോസ്റ്റിനെ
ടൈമറില്‍ 'പൂജ്യ'നായ മഞ്ഞതെളിയും മുമ്പ്‌.

ഇല്ല, മഞ്ഞയല്ല,
ചുവപ്പും ചാടിവീണിരിക്കുന്നു
ഇനി കിതപ്പാറ്റാം,
ഒന്നരനിമിഷം

നിയോണ്‍ വിളക്കിനു താഴെ ചില കുട്ടികള്‍,
നൂലിട്ട ബലൂണുകളില്‍ പുമ്പാറ്റകളും കോമാളികളുമായി
ആഘോഷിക്കാന്‍ ക്രിസ്തുമസും പുതുവര്‍ഷവും
അല്ലാത്തതുകൊണ്ടൂഹിക്കാം,
ഇതിലാരുടേയോ ജന്‍മദിനമാണെന്ന്‌

ഇവരിലൂടെയെത്താം
കാതങ്ങളകലെ കൈവിട്ട
പൂത്തുമ്പികളിലും ബലൂണുകളിലും,
ചുവന്ന അക്കങ്ങള്‍
പച്ചക്കു വഴിമാറും വരെ.

കുഞ്ഞു കുസൃതിയൊന്നോടിയെത്തി,
കൈ നിറയെ ബലൂണുകളുമായി,
ഇവനോട്‌ ചോദിക്കാം വിശേഷമെന്തെന്ന്‌.

താഴുന്ന ചില്ലിലൂടെ തണുത്തു വിറച്ചെത്തി
വിശപ്പിണ്റ്റെ കുഞ്ഞു ശബ്ദം
"സാബ്‌ ഒന്നിനഞ്ചുരൂപാ മാത്രം,
വീട്ടില്‍ കാത്തിരിക്കുന്ന കുഞ്ഞിനിഷ്ടമാവും
കളിക്കാനായ്‌ കൊണ്ടുചെന്നാല്‍. "

Sunday, January 4, 2009

പുത്തന്‍ പരിചയങ്ങള്‍ (കവിത)

ഓടുന്ന കാലുകളെ
ഒന്നു നില്‍ക്കാമോ?
എന്നെയൊന്ന്‌ പരിചയപ്പെടുത്താനാണ്‌,
സകുടുംബം വിശദമായി.

മുറ്റമടിക്കുന്ന ചൂലിനൊപ്പം പടിയിറങ്ങി,
സന്ധ്യാദീപവുമൊത്ത്‌
തുളുമ്പുന്ന തൂക്കുപാത്രവുമായെത്തുന്ന
സാന്ത്വനത്തിന്‍റെ അമ്മ.

ചളിയുടെ,
നെല്ലിന്‍റെ,
കള്ളിന്‍റെ മണമുള്ള കാറ്റായി
പാതിയഴിഞ്ഞ മുണ്ടുമായി,
പാതിരായ്ക്ക്‌ വേച്ചുവേച്ചെത്തുന്ന
വിയര്‍പ്പിന്‍റെ അച്ഛന്‍.

ചിന്തകളില്‍ നിന്ന്‌
ചിന്തകളിലേക്ക്‌ തീ കൊളുത്തി,
ലോകത്തെ വിഴുങ്ങിയ പുകയകറ്റാന്‍,
പന്തം കൊളുത്തിയെത്തുന്ന
ശകാരത്തിന്‍റെ ചേട്ടന്‍.

ആഹാരത്തെ
അടുക്കളയില്‍ നിന്നും രക്ഷിക്കാന്‍,
കുത്തഴിയാത്ത സാരി
കമ്പോളങ്ങളില്‍ വില്‍പ്പിക്കാന്‍,
തേഞ്ഞ റബ്ബര്‍ ചെരിപ്പിട്ട്‌ നടക്കുന്ന
വാചക കസര്‍ത്തിന്‍റെ ചേച്ചി.

ഏകാന്തതയുടെ നെടുങ്കന്‍
പകല്‍പ്പാളങ്ങളില്‍,
തിമിരം മെഴുകിയ ഇറയത്ത്‌
എന്‍ഡോസള്‍ഫാന്‍ കാറ്‍ന്നു
തിന്ന സ്വപ്നങ്ങളോടൊത്ത്‌
കൊത്തങ്കല്ലു കളിച്ച്‌
ഇഴജന്തുക്കളുടെ കൂടെ
അവരിലൊരാളായി ഞാനും.