Wednesday, May 26, 2010

പറക്കുന്ന ചിറകുകള്‍ (കവിത)

യുവ മിഥുനങ്ങള്‍ക്കൊരു മോഹം,
വര്‍ണ്ണ ചിറകുകള്‍ ഉണ്ടായിരുന്നെങ്കില്‍ ...

ദൈവത്തിന്‍ ഔദാര്യത്തിനു കാത്തു നില്‍ക്കാതവര്‍
പണിഞ്ഞെടുത്തു സ്വര്‍ണ്ണത്തിന്‍ ചിറകുകള്‍...

പിന്നെ പറന്നു പറന്നു പറന്നേറെ
തളര്‍ന്നപ്പോള്‍ പൂതിയായൊന്നിരിക്കാന്‍...

കളിക്കാന്‍, കുളിക്കാന്‍, കളി പറയാന്‍,
ഇത്തിരി നേരമീ മണ്ണിലും മലയിലുമലയാന്‍...

ചിറകുകള്‍ നില്‍ക്കുന്നില്ല, മദിച്ചിളകുകയാണ്‌,
പറക്കല്‍ ലഹരി തലക്കു പിടിച്ചപോലെ..

വിശപ്പുണ്ട്‌, ദാഹമുണ്ട്‌, ക്ഷീണവുമേറെയുണ്ട്‌
എന്നാലും നില്‍ക്ക വയ്യ, ചിറകുകളുടെ തടവിലായില്ലെ...

പൊന്നാമ്പല്‍ കുളമൊന്നുണ്ടു താഴെ
എന്നാലും കുളിക്കാനാവില്ലെന്ന വിഷമം...

പൊന്‍പൂവന്‍ പഴത്തോട്ടമുണ്ടു താഴെ
കഴിക്കാനാവില്ലൊന്നു പോലുമെന്ന വിഷമം...

പറക്കേണ്ടിടത്തേക്കില്ല പറക്കുന്നു ചിറകുകള്‍
പറക്കലിനെ മാത്രം പ്രണയിച്ചൊരു പ്രേമിയെപ്പോലെ...

ദിശ മാറുന്നോ പ്രണയിനിയുടെ ചിറകിനു
അതോ ക്ഷീണമോ നിറ ഗര്‍ഭത്തിണ്റ്റെ...

മൊബേല്‍ ഫോണെടുത്തു ഞെക്കി
ഡോക്ടറോടോതി രോഗത്തിന്‍ കടുപ്പ്‌...

"മുറിച്ചു മാറ്റാന്‍ പോലുമാവില്ലാ ചിറകുകള്‍,
ആവണം ഊണും ഉറക്കവും പേറുമീ പറക്കലില്‍ തന്നെ"

പറഞ്ഞുപോയറിയാതെ, "പെറ്റു വീഴുന്നൊരാ കുഞ്ഞു
പിടഞ്ഞു ചാവില്ലേ ഭൂമിയില്‍ വീഴ്ച്ചയാല്‍?"

"ഇല്ലില്ലതിനുമുണ്ടാകും കുഞ്ഞി ചിറകുകള്‍,
പറന്നോളുമതു ഭൂമി കാണാതെന്നും... "

Saturday, May 15, 2010

അക്ഷയ തൃതീയ (കവിത)


"അക്ഷയ തൃതീയയാണിന്ന്
ഐശ്വര്യമായിത്തിരി പൊന്നു വാങ്ങണം
ഇന്നു പൊന്നു കിട്ടിയാല്‍ ഉണ്ടല്ലോ,
വറ്‍ഷം മുഴുവന്‍ പൊന്നൊഴുക്കായിരിക്കും. "

അടുത്ത വീട്ടിലെ പെണ്‍ശബ്ദം
ജനലഴിയെത്തിയപ്പോഴേ
എട്ടു പെഗിണ്റ്റെ ഹാങ്ങ്‌ ഓവറ്‍
കണ്ണും കാതും തുറന്നു.

പതിവില്ലെങ്കിലും
പല്ലു തേച്ചു, കുളിച്ചു,
സ്വര്‍ണ്ണ പ്രതിമയില്‍ തീറ്‍ത്ത
കണ്ണനെ തൊഴുതു.

പ്രാതലിനു ഇനിയും സമയമുണ്ട്‌,
സ്വര്‍ണ്ണക്കടകളിലിന്നു വലിയ തിരക്കാവും

ഇന്നു സ്വര്‍ണ്ണം കിട്ടിയില്ലെങ്കില്‍
ഒാര്‍ക്കാന്‍ വയ്യ, ഒരു നീണ്ട വര്‍ഷം
അതും സ്വര്‍ണ്ണത്തിനു ദിവസവും
വില റോക്കറ്റു പോലെ കയറുമ്പോള്‍.

ബൈക്കു പറന്നു, റോക്കറ്റു പോലെ
പട്ടണങ്ങളില്‍ എങ്ങും തിരക്കാ,
ജ്വല്ലറി റോഡില്‍ പറയേണ്ടാ.
സ്വര്‍ണ്ണ കഴുത്തുകളും, കാതുകളും,
കൈകളും കാല്‍ക്കുഴകളും.

ഇതെന്തൊരു തിരക്ക്‌ ബൈക്ക്‌
ഒാടിക്കാന്‍ സ്ഥലം വേണ്ടേ,
ഇന്നു സ്വര്‍ണ്ണം കിട്ടിയില്ലെങ്കില്‍..

ജ്വല്ലറികളില്‍ കാലുകുത്താന്‍ ഇടമില്ല,
ഓ! വരിയില്‍ അവസാനത്തെ
ജ്വല്ലറിക്കു മുമ്പില്‍ വലിയ തിരക്കില്ല,
ബൈക്ക്‌ വശത്തേക്കു ഒതുക്കി.

ഒഴുകി നീങ്ങുന്ന സ്വര്‍ണ്ണകഴുത്തില്‍
കൈ വെച്ചപ്പോള്‍ കുടുങ്ങി,
ഒന്നല്ല രണ്ടെണ്ണം, റോക്കറ്റു പോലെ
ബൈക്കു പായുമ്പോള്‍ ആശ്വാസമായി,
ദൈവമേ, ഈ വര്‍ഷവും

ഐശ്വര്യമായി തന്നെ തുടങ്ങിയല്ലോ.