Saturday, November 28, 2009

അന്വേഷണം (കവിത)


ആദ്യമായാണു നാട്ടില്‍ അങ്ങിനെയൊരു സംഭവം.

കള്ളന്‍ കേറുന്നതും, കക്കുന്നതും,
ചിലപ്പോള്‍ കണ്ണടച്ചിരിക്കുന്ന
സംസ്ക്കാരത്തെ തന്നെ പൊക്കുന്നതുമൊക്കെ
പതിവാണെങ്കിലുമി'തങ്ങിനെയാണോ
സംസ്ക്കാരത്തിണ്റ്റെ വീടടിച്ചു പൊളിച്ചു
വോട്ടു കെട്ടുകള്‍ കട്ടോണ്ടു പോകുന്നത്‌?

ചെയ്യാനൊത്തിരിയുണ്ടു കാര്യങ്ങള്‍,
കള്ളണ്റ്റെ സഞ്ചീലൊരു തുളയുണ്ടാക്കണം
വഴിയില്‍ ചോരുന്നതൊക്കെ പെറുക്കി
പിന്നാലെ നടക്കണം, കള്ളനോട്‌ ഇരക്കണം,
വല്ലതും ബാക്കി കിടക്കുന്നതൊക്കെ
അടിച്ചു കൂട്ടിയെടുക്കാനും
കുറ്റം ഏതെങ്കിലും തലയില്‍ ചാര്‍ത്താനും
അന്വേഷണത്തിനു കമ്മീഷന്‍ കൊടുക്കണം.

പത്തു പതിനെട്ടു വര്‍ഷം
'ലിബ്രല്‍" ആയി അന്വേഷിച്ച്‌
ആ മഹാ സത്യം കണ്ടെത്തി,
കള്ളന്‍ വിചാരിച്ചിരുന്നെങ്കില്‍
ആ കളവൊഴിവാക്കാമായിരുന്നു!

പുഴയിലെ കവിത "പനി" വായിക്കാന്‍ ഇവിടെ ഞെക്കുക.

Wednesday, November 11, 2009

ഇരുള്‍പ്രഭ (കവിത)

ഒരു നെന്‍മണിയില്‍ കണ്ണെത്താ വയലുകളും
ഒരു മൌനമേഘത്തില്‍ തോരാക്കണ്ണീറ്‍മഴയും
ഒരു ചിരാതിന്‍ പുഞ്ചിരിയില്‍
ഒരു കോടി നക്ഷത്രപ്രഭയും
കാണുന്നൊരു കണ്ണിനു
കാണാമൊരു സുന്ദരിയെ
കരിമ്പാറച്ചീളിലു'മെങ്കിലും
കാണിക്കരുതവളെ
മറനീക്കി തിരയുന്നോറ്‍ക്ക്‌
അറിയാ'തതെങ്ങാനുമെടുത്തെറിഞ്ഞാല്‍
ഉടയുമാ കണ്ണുകളില്‍ ഒളിക്കും
ഇരുളിന്നാഴക്കടലുകളെന്നേക്കുമായ്‌.

Monday, November 2, 2009

ഭാഷയിലല്ലാ പ്രശ്നമെന്നു മാത്രം പറയരുത്‌ (കവിത ?)

കനക ചിലങ്ക കിലുക്കിയും
തങ്കത്തരിവളയിളക്കിയും
വരമന്ദഹാസം പൊഴിച്ചും
അഞ്ചിക്കുഴഞ്ഞഴിഞ്ഞാടുമ്പോഴാണു
ബെല്ലടിച്ചതും കവിത ടീച്ചര്
‍ഇറങ്ങിപ്പോയതും.

സന്തോഷം തിങ്ങി നിറഞ്ഞ
നെഞ്ചിലേക്കൊരു വിങ്ങലായി
കണക്കു മാഷു കേറി വന്നു.
കറുത്ത ബോര്‍ഡില്‍ അക്കങ്ങളും
ചിഹ്നങ്ങളും തുള്ളിക്കളിച്ചു.
എത്ര ശ്രമിച്ചിട്ടും ജ്യാമിതിയും
ത്രികോണമിതിയും കാല്‍ക്കുലസുമൊന്നും
ബോര്‍ഡില്‍ നിന്നു തലയിലേക്കു കേറുന്നില്ല.
ബോര്‍ഡോ, കണക്കോ, അതോമാഷോ പ്രശ്നം?

കവിത ടീച്ചറോട്‌ ഒന്നുംചോദിക്കേണ്ടി വന്നില്ല.
തെളിഞ്ഞ വെള്ളത്തില്‍ നീന്തുന്ന
അരയന്നങ്ങള്‍ പോലെ വാക്കുകള്‍.
അതെ, കണക്കു സാറിന്‍റെ ഭാഷ തന്നെ പ്രശ്നം?

"അപ്പോള്‍ നിന്‍റെ കൂട്ടുകാര്‍ക്കു മനസിലാകുന്നതോ?"

ഓ, അതു വെറുതെ കീച്ചുന്നതാവും
മേല്‍ക്കൂരക്കടിയിലെ പല്ലിയെപ്പോലെ
മനുഷ്യന്‍ ഉരുണ്ട ഭൂമീടെ
കീഴ്‌ ഭാഗത്തു കിടക്കും നടക്കുമെന്നൊക്കെ
സയന്‍സ്‌ ടീച്ചര്‍ പറഞ്ഞതു പോലും
മനസിലായെന്നു പറഞ്ഞോരല്ലേ ഇവര്‍!
ഇതും ഇതിലപ്പുറവുമറിയാമെന്നു
മേനി കാട്ടുന്ന വങ്കന്‍മാര്‍.

അപ്പോള്‍ ഭാഷയിലല്ലാ പ്രശ്നമെന്നു മാത്രം പറയരുത്‌.