Monday, September 7, 2009

കോടതി വിധി


ഇന്നു കോടതി വിധിയാണ്‌,
നാടിനെ നടുക്കിയ
കൊലപാതകകേസിന്‍റെ വിധി.

പതിനായിരം പേജുള്ള കുറ്റപത്രം,
നൂറ്റിപ്പതിനാറു സാക്ഷികള്‍,
പതിറ്റാണ്ടു നീണ്ട വിചാരണ,
ഒടുക്കം ഇതാ കോടതി
ശിക്ഷകള്‍ വിധിച്ചു തുടങ്ങി.

ഇരുപതു മുതല്‍ അമ്പതു വരെയുള്ള
പ്രതികളെ വെറുതെ വിട്ടു,
തെളിവില്ലാത്തതിനാല്‍.
പത്തൊന്‍പതാം പ്രതിയേയും വിട്ടു,
വെളിവില്ലാഞ്ഞതിനാല്‍.

പത്തു തൊട്ട്‌ പതിനെട്ടു വരെയുള്ള
പ്രതികള്‍ക്കു ദീറ്‍ഘ കാല തടവും പിഴയും,
തെളിവു നശിപ്പിച്ചതിനു,
അതിനു കൂട്ടു നിന്നതിനു.

പ്രതിയെ കുറ്റസ്ഥലത്തെത്തിച്ച
കാര്‍ ഡ്രൈവര്‍ക്കും,
അവനു പ്രഭാത ഭക്ഷണം കൊടുത്ത
തട്ടു കടക്കാരനും
കഠിനതടവ്‌.
കാറുടമക്കു പിഴ.

ഹൈവേ നിറ്‍മ്മിച്ചു
മുഖ്യ പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ച
കോണ്‍ട്രാക്ക്ടറ്‍ക്കു
രണ്ടു കൊല്ലം കഠിന തടവും
രണ്ടേകാല്‍ രൂപ പിഴയും.

കൊലക്കത്തിയുടെ പിടി
ഇളകിയതായി കണ്ടതിനാലും,
കൊന്നതാണോ സ്വയം കുത്തി ചത്തതാണോ
എന്നു കൃത്യമായി തെളിയിക്കാന്‍
കഴിയാഞ്ഞതിനാലും,
സംശയത്തിന്‍റെ ആനുകൂല്യം നല്‍കി
ഒന്നാം പ്രതിയെ വെറുതെ വിടാന്‍
ഇടയാക്കിയതിനു
അന്വേഷണ ഉദ്യോഗസ്ഥനെ

കോടതി ശകാരിക്കുകയും ചെയ്തു.